കാൻസറിന്റെ മറഞ്ഞിരിക്കുന്ന പാരമ്പര്യ രഹസ്യങ്ങൾ

കുടുംബത്തിൽ ഒരേ തരത്തിലുള്ള കാൻസർ പല തലമുറകളിലായി ആവർത്തിച്ച് കാണപ്പെടുന്നത് ഡോക്ടർമാർക്ക് പുതുമയുള്ള കാര്യമല്ല. എന്നാൽ, സാധാരണ ജീനറ്റിക് പരിശോധനകളിൽ BRCA1, BRCA2 പോലുള്ള സുപരിചിതമായ “കാൻസർ ജീനുകൾ” കണ്ടെത്താനാകാത്ത നിരവധി കുടുംബങ്ങൾ ഇപ്പോഴും ഉണ്ടെന്നത് വലിയൊരു ചോദ്യമായിരുന്നു. ഈ ചോദ്യത്തിനുള്ള പുതിയ ഉത്തരങ്ങളാണ് അമേരിക്കയിലെ “All of Us” ഗവേഷണ പദ്ധതിയുടെ ഭാഗമായി നടത്തിയ വലിയ ജീനോം പഠനം ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്.


ഗവേഷകർ 1,496 പേർക്ക് മുഴുവൻ ജീനോം സീക്വൻസിംഗ് നടത്തി. ഇവർക്ക് കാൻസർ ഉണ്ടായിരുന്നതും കുടുംബത്തിൽ പലർക്കും കാൻസർ ചരിത്രമുണ്ടായിരുന്നതുമായിരുന്നു. എന്നാൽ ഇവരിൽ സാധാരണ പരിശോധനകളിൽ കണ്ടെത്തുന്ന പാരമ്പര്യ കാൻസർ മ്യൂട്ടേഷനുകൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനൊപ്പം, കാൻസർ ചരിത്രമില്ലാത്ത 1,230 പേരുടെ ജീനുകളും താരതമ്യത്തിനായി പരിശോധിച്ചു.

ഈ പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ, സാധാരണ പരിശോധനകൾ കാണാതെ പോകുന്ന വലിയ ജീനറ്റിക് മാറ്റങ്ങൾ — “സ്ട്രക്ചറൽ വേരിയന്റുകൾ” — ചില കുടുംബങ്ങളിൽ കാൻസറിന് പിന്നിലെ കാരണമായിരിക്കാമെന്നതാണ്. MSH2 എന്നും BRCA1 എന്നും അറിയപ്പെടുന്ന ജീനുകളിൽ കണ്ടെത്തിയ ഇത്തരം മാറ്റങ്ങൾ കോളൻ, ഗർഭാശയം, ഒവറി, ബ്രെസ്റ്റ് കാൻസറുകളുമായി ബന്ധപ്പെട്ടതായി ഗവേഷകർ കണ്ടെത്തി.

ഇതോടൊപ്പം, ചെറിയ ചെറിയ അനേകം ജീനറ്റിക് വ്യത്യാസങ്ങൾ ചേർന്ന് ഒരാളുടെ കാൻസർ സാധ്യത ഉയർത്തുന്ന “പോളിജീനിക് റിസ്ക് സ്കോർ” എന്ന ആശയത്തിനും പഠനം ശക്തമായ തെളിവുകൾ നൽകി. പ്രത്യേകിച്ച് ബ്രെസ്റ്റ്, കോളൻ, പ്രോസ്റ്റേറ്റ്, കിഡ്നി, തൈറോയ്ഡ് കാൻസർ കുടുംബങ്ങളിൽ ഈ സ്കോറുകൾ ഉയർന്നതായി കണ്ടെത്തി. ചില ബ്രെസ്റ്റ് കാൻസർ കുടുംബങ്ങളിൽ, ഈ കൂട്ടിച്ചേർന്ന ജീനറ്റിക് അപകടസാധ്യത CHEK2 പോലുള്ള സുപരിചിത ജീനുകളുടെ അപകടസാധ്യതയെ പോലും മറികടക്കുന്നതായി പഠനം സൂചിപ്പിക്കുന്നു.

ഗവേഷകർ ഇതിനുമുമ്പ് കാൻസറുമായി വ്യക്തമായി ബന്ധിപ്പിക്കാത്ത ചില പുതിയ ജീനുകളെയും കണ്ടെത്തി. TSTD2, BRAT1, OLFML2B തുടങ്ങിയ ജീനുകൾ തൈറോയ്ഡ്, ബ്രെസ്റ്റ്, കിഡ്നി കാൻസറുകളുമായി ബന്ധമുള്ളതായി കണ്ടെത്തിയത് ഭാവിയിലെ ഗവേഷണങ്ങൾക്ക് പുതിയ വഴിതുറക്കുന്നു.

കൂടാതെ, ഒരേ തരത്തിലുള്ള ഡിഎൻഎ ഭാഗങ്ങൾ ഇരട്ടിയായി പാരമ്പര്യമായി ലഭിക്കുന്ന “റൺസ് ഓഫ് ഹോമോസൈഗോസിറ്റി” എന്ന പ്രത്യേക ജീനറ്റിക് മാതൃകകളും ചില കിഡ്നി, തൈറോയ്ഡ്, ബ്ലാഡർ കാൻസറുകളുമായി ബന്ധപ്പെട്ടതായി കണ്ടെത്തി. ഇതിലൂടെ, ഇതുവരെ ശ്രദ്ധിക്കപ്പെടാത്ത പാരമ്പര്യ അപകടസാധ്യതകൾ കാൻസറിൽ പങ്കുവഹിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു.

ഗവേഷകരുടെ കണക്കുപ്രകാരം, മുഴുവൻ ജീനോം സീക്വൻസിംഗും ഇത്തരത്തിലുള്ള വിപുലമായ ജീനറ്റിക് വിശകലനങ്ങളും ചേർന്നാൽ, ഇതുവരെ വിശദീകരിക്കാനാകാതെ പോയ കുടുംബകാൻസറുകളുടെ 25 ശതമാനം വരെ വിശദീകരിക്കാൻ കഴിയാം. ഭാവിയിൽ കാൻസർ റിസ്ക് പരിശോധനകൾ ഇന്ന് ഉപയോഗിക്കുന്ന പരിമിത ജീൻ പാനലുകളിൽ നിന്ന് മുഴുവൻ ജീനോം അധിഷ്ഠിതമായ സമീപനങ്ങളിലേക്ക് മാറാൻ ഈ കണ്ടെത്തലുകൾ വഴിയൊരുക്കുന്നു.




References : Noah Fields, Seunghun Han, Wenbin Mei, Erin Shannon, Ryan Buehler, Deborah Neklason, Erica Pimenta, Junne Kamihara, Judy Garber, Riaz Gillani, Saud AlDubayan, Jihye Park, Ryan L. Collins, Eliezer M. Van Allen Diverse mediators of cancer predisposition uncovered by germline whole genome sequencing of unexplained familial cancers
medRxiv 2026.05.08.26352653; doi: https://doi.org/10.64898/2026.05.08.26352653